അഞ്ചാം പാതിരാ Anjaam Paathira - ചുരുളഴിയാത്ത രഹസ്യങ്ങൾ !! - Autopsy
മലയാള സിനിമയിലെ മികച്ച ക്രൈം ത്രില്ലർ സിനിമാ ഗണത്തിൽ പെടുത്താവുന്ന ഒരു സിനിമ ആണ് അഞ്ചാം പാതിരാ. ഒരു സൈക്കോപാത് കില്ലറുടെ കഥ എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഒരു സാധാരണ പ്രതികാര കഥ യെ മുഷിപ്പ് തോന്നാത്ത രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു. പതിവ് ക്രൈം സിനിമകളിൽ കാണുന്ന തുടർ കൊലപാതകങ്ങൾ, തെളിവ് അവശേഷിപ്പിക്കൽ, ചെറിയ ട്വിസ്സ്റുകൾ എല്ലാം ഇതിൽ ഉണ്ട്. സിനിമ എത്രത്തോളം ആസ്വദിക്കപ്പെട്ടു എന്നത് തിയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകരിൽ നിന്ന് മനസ്സിലാക്കാം. അനാവശ്യ ഗാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാതെ നേരെ കഥയിലേക്ക് തന്നെ ചെല്ലുന്നു.
തമിഴിൽ ഇറങ്ങിയ രാക്ഷസൻ സിനിമയുടെ കഥയുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ല. അഞ്ചാം പാതിരാ രാക്ഷസൻ ആണെങ്കിൽ, രാക്ഷസൻ മെമ്മറീസ് ആണെന്ന് പറയേണ്ടി വരും. മെമ്മറീസ് ചിലപ്പോൾ മറ്റൊരു സിനിമ പോലെ തോന്നിയേക്കാം. കാരണം ക്രൈം ത്രില്ലറുകളുടെ കഥാ തന്തു എല്ലാം ഒരു പോലെ ആയിരിക്കും. പക്ഷേ, ആ കഥ പറയുന്നത് എങ്ങനെ ആണെന്നും അത് പ്രേക്ഷകരിൽ എത്തിക്കുന്നത് എങ്ങനെ ആണെന്നും നോക്കിയാണ് സിനിമ വിജയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു പോലീസ് ഓഫീസർ അല്ലാത്തത് കൊണ്ടാകാം, ആ കഥാപാത്രം അതിന്റെ പരിമിതികളിൽ നിന്നാണ് അന്വേഷണം നടത്തുന്നത്.
സിനിമയുടെ ഒരു വലിയ പ്ലസ് പോയിന്റ് എന്നത്, പതിവ് ക്രൈം ത്രില്ലർ സിനിമകളിൽ കാണുന്നത് പോലെ ഒരു കൊലയാളി യില് അവസാനിക്കുന്നു എന്ന നിലയിൽ സിനിമയെ വരിഞ്ഞു കെട്ടിയില്ല എന്നതാണ്. സിനിമ അവസാനിക്കുന്നതും ആ ഒരു പോയിന്റിൽ ആണ്. അതൊരു നല്ല ആസ്വാദനം ആയിരുന്നു. ഇതിന് ഒരു സീക്വൽ ഉണ്ടാകും എന്ന് തോന്നുന്നില്ല. പക്ഷേ, നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്....
-കസ്റ്റഡിയിൽ ഉള്ള ബെഞ്ചമിൻ ലൂയിസ് പറയുന്നത് ജന ശ്രദ്ധ ആകർഷിക്കാൻ വേണ്ടി കൊല ചെയ്യുന്ന ഒരു സൈക്കോപാത് അല്ല എന്നാണ്. കുട്ടിക്കാലത്തെ ദുരനുഭവം പ്രതികാരം ചെയ്യാൻ ഉള്ള പ്രേരണ ആകുന്നു. 5 പേരിൽ രണ്ടു പേര് മാത്രമാണ് അതിനു ഉത്തരവാദി. അങ്ങനെ ആണെങ്കിൽ നിരപരാധികൾ ആയിരുന്ന 3 പോലീസുകാരെ കൊന്നത് എന്ത് കൊണ്ടാണ്? സത്യത്തിൽ അവർ നിരപരാധികൾ ആയിരുന്നോ? അതിനു പിന്നിൽ ഉള്ള ദുരൂഹത എന്തായിരുന്നു?
-ബെഞ്ചമിൻ ഒരു സൈക്കോളജിസ്റ്റ് ആണ്. കുറ്റവാളികളുടെ മനോവാസന തിരിച്ചറിയാൻ കഴിവുള്ള ആൾ. അത് കൊണ്ട് തന്നെ തന്റെ പ്രതികാരം ചെയ്യാൻ അയാൾ ഉപയോഗിച്ചത് ക്രിമിനലുകളെ ആണ്. സൈക്കോ സൈമൺ സ്വന്തം മാതാപിതാക്കളെ കൊന്നവൻ ആണ്. അരവിന്ദ കർത്തയുടെ ഭൂതകാലം കാണിക്കുന്നില്ലെങ്കിലും അയാളും ഒരു ക്രിമിനൽ ആയിരിക്കാം. അത് കൊണ്ടാകാം തന്റെ പ്രതികാരം നിർവഹിക്കാനുള്ള ചട്ടുകം ആയി ബെഞ്ചമിൻ ഇവർ രണ്ടു പേരെയും തിരഞ്ഞെടുത്തത്.
-നിരപരാധി ആയ ഒരാളെ കൊല്ലാൻ ഉള്ള മാനസികാവസ്ഥ ഉള്ള വ്യക്തി അല്ല ബെഞ്ചമിൻ. തന്റെ വാസസ്ഥലം കണ്ടെത്തിയ പോലീസിനെ പ്രതിരോധിക്കുന്ന ബെഞ്ചമിൻ കയ്യിൽ തൂമ്പ ഉണ്ടായിരുന്നിട്ടും അവശനായ പോലീസ് ഓഫീസറെ കൊല്ലാതെ വിടുകയായിരുന്നു. എന്നാല് തന്റെ പ്രതികാരം പൂർത്തിയാക്കാൻ അനുവദിക്കാത്ത സാഹചര്യത്തിൽ മാത്രമാണ് അൻവർ ഹുസൈനെ കൊല്ലാൻ വേണ്ടി ശ്രമിക്കുന്നത്.
-അങ്ങനെ ആണെങ്കിൽ ശില്പി ആയ സുധാകരന്റെ കണ്ണുകൾ ചൂഴ്ന്നു എടുത്തത് എന്തിനായിരുന്നു? ബെഞ്ചമിൻ തന്റെ കൃത്യം നിർവഹിക്കാൻ ഉപയോഗിച്ചത് കുറ്റവാളികളെ ആണല്ലോ. കൊക്കെയ്ൻ ഷമീർ, സൈക്കോ സൈമൺ, അരവിന്ദ കർത്ത. അങ്ങനെ നോക്കുമ്പോൾ സുധാകരനും ബെഞ്ചമിന്റെ കുടുംബത്തോട് അനീതി കാണിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ ഒരു ക്രൈം ചെയ്ത ആൾ തന്നെ ആയിരിക്കാം.
-ലൂയിസ് ജയിലിൽ പോയതിനു ശേഷം, മകൻ ബെഞ്ചമിന് തുണയായത് സുദേവൻ ആണ്. അൻവർ ഹുസൈൻ തന്റെ അന്വേഷണത്തിന്റെ ഭാഗമായി സുദേവനെ കാണുന്നു. ബെഞ്ചമിൻ ലൂയിസിന്റെ പൂർവകാല കഥ പറഞ്ഞപ്പോൾ റെബേക്ക യുടെ കാര്യം സുദേവൻ കൂടുതൽ പറഞ്ഞില്ല. റെബേക്ക ഫാദർ ബെന്നട്ടിൻെറ കൂടെ പോയി എന്ന് മാത്രമാണ് പറഞ്ഞത്. പക്ഷേ, അതേ റെബേക്ക സിനിമയുടെ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെടുന്നു. ബെഞ്ചമിൻ ന്റെ ഉദേശ്യം സുദേവൻ അറിഞ്ഞിരുന്നു. എന്നാല്, അന്വേഷണം റെബേക്ക യിലേക്ക് പോകരുതെന്ന് ബെഞ്ചമിന് നിർബന്ധം ഉണ്ടായിരുന്നു. പക്ഷേ, ബെഞ്ചമിൻ അറസ്റ്റിൽ ആയതോടെ റെബേക്ക, അപൂർണമായ ഒരു ദൗത്യം പൂർത്തിയാക്കുന്നു.
-എന്തായിരുന്നു റെബേക്ക യുടെ പൂർവകാലം? അച്ഛൻ ജയിലിൽ പോയതിനു ശേഷം റെബേക്ക യുടെ ജീവിതം എങ്ങനെ ആയിരുന്നു? മുൻപ് പറഞ്ഞ 5 പോലീസുകാരിൽ 2 പേര് ബെഞ്ചമിൻ ടാർഗറ്റ് ചെയ്തതാണ്. അങ്ങനെ ആണെങ്കിൽ ബാക്കി 3 പേര് റെബേക്കയുടെ പ്രതികാരം ആയിരിക്കാം. ഫാദർ ബെന്നട്ടിനെ കൊന്നതിന് ശേഷം അതിനെ സൈമനിന്റെ മൃതദേഹം ആക്കി മാറ്റിയത് എങ്ങനെ?
NB: സിനിമയുടെ ക്ലൈമാക്സിൽ , ബെഞ്ചമിനെ കോടതിയിൽ ഹാജരാക്കാൻ വേണ്ടി കൊണ്ട് പോകവേ വാഹനം മിസ്സ് ആകുന്നു എന്ന വാർത്ത ടിവിയിൽ അൻവർ ഹുസൈൻ കാണുന്നു. പന്തികേട് മനസ്സിലാകുന്ന അൻവർ അനിലിന്റെ വീട്ടിലേക്ക് പോകുന്നു. ഇതിന് തൊട്ട് മുൻപുള്ള രംഗത്തിൽ ബെഞ്ചമിനോടു സംസാരിക്കുമ്പോൾ അൻവർ സൂചിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്. ഒരു പ്രതിമ കൂടി ബാക്കി ഉള്ള കാര്യം. കുറ്റവാളി ആയ ACP അനിലിനെ ലോകം അറിയണം എന്ന് അൻവർ ആഗ്രഹിക്കുന്നു. ആ രീതിയിൽ നീതി നടപ്പിൽ ആകണം എന്നാഗ്രഹിക്കുന്നു. തന്റെ കാര്യം കോടതിയിൽ വെളിപ്പെടുത്താൻ ബെഞ്ചമിൻ ശ്രമിക്കും എന്ന് ACP അനിൽ ഭയപ്പെടുന്നു. അത് കൊണ്ട് തന്നെ കോടതിയിൽ പോകും വഴി കൊന്നു കളയാൻ തീരുമാനിക്കുന്നു. ഇത് തിരിച്ചറിയുന്ന അൻവർ ഹുസൈൻ അനിലിന്റെ ഫ്ലാറ്റിലേക്ക് തിരിച്ച് പോകുന്നത് അപൂർണമായ അഞ്ചാം കൊലപാതകം ചെയ്യാൻ വേണ്ടി ആയിരിക്കാം എന്നാണ് കരുതിയത്. എന്നാല് അപ്പോഴാണ് റെബേക്ക കടന്നു വരുന്നത്. ദുരൂഹത ബാക്കിയാക്കി സിനിമ അവസാനിക്കുന്നു...
മലയാളത്തിലെ ക്രൈം ത്രില്ലർ സിനിമകളിൽ ഏറ്റവും മികച്ച ക്ലൈമാക്സ് അഞ്ചാം പാതിരാ ആണെന്ന് നിസ്സംശയം പറയാം.
Comments
Post a Comment